മധ്യപ്രദേശ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടിച്ചു. ഗ്വാളിയോറിലെ ജില്ലാ ഭരണകൂടമാണ് ലൈബ്രറി അടപ്പിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് രണ്ട് ദിവസം മുന്‍പ് ലൈബ്രറി തുടങ്ങിയത്.
ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു. എന്നാല്‍ ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിച്ചതെന്ന് എസ്പി പറഞ്ഞു.
ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാകുമെന്നാണ് ഹിന്ദു മഹാസഭ അറിയിച്ചിരുന്നത്.