തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്സിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാർഗം വാക്സിൻ എത്തും.
കേരളത്തിന് 4,35,500 വയൽ വാക്സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു വയലിൽ പത്തുഡോസ് വാക്സിനാണ് ഉണ്ടായിരിക്കുക. ഒരു വയൽ പൊട്ടിച്ചുകഴിഞ്ഞാൽ അത് ആറുമണിക്കൂറിനുളളിൽ ഉപയോഗിക്കണം. 4,35,500 വയലിൽ 1100 എണ്ണം മാഹിയിലേക്കുളളതാണ്.
വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങൾ കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണൽ വാക്സിൻ കേന്ദ്രങ്ങളിലാണ് വാക്സിൻ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും. നെടുമ്പാശ്ശേരിയിലെത്തുന്ന വാക്സിൻ റോഡ് മാർഗം കോഴിക്കോട് എത്തിക്കും.
ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുളള കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിയിലുളളവർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. അഞ്ചുലക്ഷം കൊറോണ വാക്സിനുകളാണ് പ്രാഥമിക ഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നത്.
കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണത്തിൽ പ്രഥമപരിഗണന നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.