തിരുവനന്തപുരം: കൊറോണ വാക്സിൻ വിതരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ കേരളത്തിന് 4,35, 500 വയൽ വാക്സിൻ ലഭിക്കും. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ. ഒരു വയൽ വാക്സിൻ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുളളിൽ ഉപയോഗിച്ച് തീർക്കണം.
വാക്സിൻ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുളള സംവിധാനങ്ങൾ കേരളത്തിൽ സജ്ജമാക്കി കഴിഞ്ഞു.മൂന്നര ലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് കേരളത്തിൽ ആദ്യം വാക്സിൻ നൽകുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം വയൽ കൊറോണ വാക്സിനാണ് ആദ്യഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടത്.
കൊവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു.
ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമാണ് കേരളം. ഇവിടെ മരണനിരക്ക് കുറച്ച് നിർത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണ്. നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം കൂടുമെന്ന മുന്നറിയിപ്പും കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുണ്ട്.