ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്സീൻ വിതരണം ശനിയാഴ്ച തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് ഇത് അഭിമാനനിമിഷമാണെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടുതൽ കമ്പനികളുടെ കൊറോണ വാക്സീനുകൾക്ക് ഉടൻ അനുമതി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് വാക്സീനുകൾക്ക് ശാസ്ത്രീയാനുമതി കിട്ടി. രണ്ടും ലോകത്തിൽ ഏറ്റവും വില കുറഞ്ഞതാണ്. നാലിൽ കൂടുതൽ വാക്സീനുകൾ പരീക്ഷണഘട്ടത്തിലുണ്ടെന്നും വാക്സീൻ വിതരണം ഫെഡറൽ സംവിധാനത്തിൻറെ മഹനീയ മാതൃകയാകുമെന്നും മോദി പറഞ്ഞു.
മൂന്ന് കോടി കൊറോണ മുന്നണി പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകും. കൊറോണ വാക്സീനുകൾ മരുന്ന് കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകും. ആദ്യഘട്ടത്തിലെ ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും മോദി വ്യക്തമാക്കി.അൻപത് വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.
ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.