നിയമസഭാ സമ്മേളനം 22 വരെയായി വെട്ടിച്ചുരുക്കാൻ തീരുമാനം; സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചര്‍ച്ചയ്‌ക്കെടുക്കും

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ജനുവരി 22 വരെയായി വെട്ടിച്ചുരുക്കാൻ തീരുമാനം. നേരത്തെ 28 വരെയാണ് സഭ ചേരാൻ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ നോട്ടീസ് അംഗീകരിച്ച് സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് സഭയിൽ ചർച്ചയ്ക്കെടുക്കാനും കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനമായി.

ജനുവരി 21ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചത്. സ്പീക്കർ സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകളിൽ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. നേരത്തെയും സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുൻകൂർ നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കാൻ കഴിയാത്തതിനാൽ നോട്ടീസിന് അനുമതി ലഭിച്ചിരുന്നില്ല.

സഭാ ചരിത്രത്തിൽ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയിൽ വരുന്നത്. 1982 ൽ എ.സി ജോസിനെതിരേയും 2004 ൽ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയിൽ മുമ്പ് ചർച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.

സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചയ്ക്കെടുമ്പോൾ സ്പീക്കർ ഡയസിൽനിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂടെ ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുക. ചർച്ചയ്ക്കൊടുവിൽ സ്പീക്കർക്ക് വ്യക്തിപരമായി തന്റെ വിശദീകരണം നൽകാനും അവസരമുണ്ട്. ഇതിനുശേഷം പ്രതിപക്ഷ പ്രമേയം വോട്ടിനിടും.

ഭൂരിപക്ഷമുള്ളതിനാൽ വോട്ടെടുപ്പിൽ ഭരണപക്ഷം തന്നെ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ നീക്കം ചെയ്യൽ പ്രമേയം പരാജയപ്പെടും. എന്നാൽ രാഷ്ട്രീയമായി സ്പീക്കറെയും സർക്കാരിനെതിനേയും കടന്നാക്രമിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. പ്രമേയം പരാജയപ്പെടുന്ന ഘട്ടത്തിൽ സ്പീക്കർക്ക് വീണ്ടും ഡയസിലേക്കെത്തി സഭയെ അഭിസംബോധന ചെയ്യാം.