ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ അടിച്ചു തകർത്തു.
കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കർഷകരുമായി സംവദിക്കാനും ഗ്രാമസന്ദർശനം നടത്താനുമായി സംഘടിപ്പിച്ച മഹാകിസാൻ പഞ്ചായത്ത് എന്ന പരിപാടിയുടെ വേദിയാണ് പ്രതിഷേധക്കാർ തകർത്തത്. ഇതോടെ ഖട്ടർ പരിപാടി റദ്ദാക്കി.
കർണാലിനു സമീപത്തെ കേംല ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഈ ഗ്രാമത്തിലേക്ക് കടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് തടഞ്ഞിരുന്നു. ഇവർക്കു നേരെ കണ്ണീർവാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു.
എന്നാൽ കർഷകർ ഗ്രാമത്തിൽ കടക്കുകയും പരിപാടി നടക്കുന്നിടത്തേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ഇവർ വേദി നശിപ്പിക്കുകയും കസേരകൾ വലിച്ചെറിയുകയും പോസ്റ്ററുകൾ വലിച്ചു കീറി നശിപ്പിക്കുകയും ചെയ്തു. പോലീസും കർഷക നിയമത്തെ അനുകൂലിക്കുന്ന കർഷകരുമായും പ്രതിഷേധക്കാർ ഏറ്റുമുട്ടി.
പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. നിരവധി പോലീസുകാരെയും വിന്യസിച്ചിരുന്നു.
നൂറോളം കർഷകരാണ് ഖട്ടർ വന്നിറങ്ങാനിരുന്ന കേംല ഗ്രാമത്തിലെ ഹെലിപ്പാടിനു നേർക്ക് പ്രതിഷേധവുമായി എത്തിയതെന്നും 15,00 ഓളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴിടത്തെ പരിശോധനകൾക്കു ശേഷമായിരുന്നു പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നത്.