ജക്കാർത്ത: 62പേരുമായി തകർന്നുവീണ ഇൻഡൊനീഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. ജാവ കടലിൽനിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകർന്നു വീഴുകയുമായിരുന്നു.
12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇൻഡൊനീഷ്യൻ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
62 യാത്രക്കാരിൽ ഏഴുകുട്ടികളും മൂന്ന് ശിശുക്കളും ഉൾപ്പെടുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. തകർന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ രണ്ട് കേന്ദ്രത്തിലും എത്തിച്ചേർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പത്ത് കപ്പലുകൾ നിയോഗിച്ചിട്ടുണ്ട്.
വിമാനം തകർന്നുവീണുവെന്ന് കരുതുന്ന സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെന്ന് ഇൻഡൊനീഷ്യൻ ഗതാഗതമന്ത്രി ബുഡി കാര്യ സുമാദി മാധ്യമങ്ങളോടു പ്രതികരിച്ചു. ലാൻസാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ഇൻഡൊനീഷ്യയുടെ സെർച്ച് ആൻഡ് റെസ്ക്യൂ സംഘം മേധാവി ബാഗസ് പുരോഹിതോ പറഞ്ഞു.
വിമാനം തകരാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം തൗസന്റ് ഐലൻഡിനു സമീപത്തെ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഞങ്ങൾ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. വെള്ളം വലിയതോതിൽ ചീറ്റിത്തെറിച്ചതു കണ്ടപ്പോൾ ബോംബോ സുനാമിയോ ആണെന്നാണ് കരുതിയത്-ഒരു മത്സ്യത്തൊഴിലാളി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.