ന്യൂഡെൽഹി: കൊറോണ സാഹചര്യങ്ങൾമൂലം മാസങ്ങളായി ചൈനാ കടലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികർ ഒടുവിൽ സ്വന്തംരാജ്യത്തേക്ക്. 39 നാവികരാണ് മാസങ്ങളായി ചൈനാ കടലിൽ രണ്ട് കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്.
ഈ നാവികർ അടുത്തയാഴ്ച ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര തുറമുഖമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. നാവികർക്ക് അടിയന്തരമായി സഹായം നൽകണമെന്ന് കഴിഞ്ഞ കുറേ ആഴ്ചകളായി ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
എം.വി. ജഗ് ആനന്ദ്, എം.വി. അനസ്താസിയ എന്നീ കപ്പലുകളിലെ 39 നാവികരാണ് കൊറോണ സാഹചര്യത്തെ തുടർന്ന് ചൈനീസ് തീരത്ത് കുടുങ്ങിയത്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി തുറമുഖത്തേക്ക് പ്രവേശിക്കാനോ ക്രൂ ചേഞ്ചിനോ ചൈനീസ് അധികൃതർ അനുമതി നൽകിയിരുന്നില്ലെന്നാണ് സൂചന.
23 ഇന്ത്യൻ നാവികരുള്ള എം.വി. ജഗ് ആനന്ദ് എന്ന ചരക്കുകപ്പൽ ജപ്പാനിലേക്ക് ക്രൂ ചേഞ്ചിനായി പുറപ്പെടാൻ തയ്യാറായിക്കഴിഞ്ഞെന്നും ഇത് ജനുവരി 14ന് ഇന്ത്യയിലെത്തുമെന്നും മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ജൂൺ 13 മുതൽ ഹെബേയി പ്രവിശ്യയിലെ ജിങ്ടാങ് തുറമുഖത്തിനു സമീപമാണ് എം.വി. ജഗ് ആനന്ദ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അതേസമയം എം.വി. അനസ്താസിയയിൽ 16 ഇന്ത്യക്കാരാണുള്ളത്. സെപ്റ്റംബർ 20 മുതലാണ് ഈ കപ്പൽ ചൈനീസ് തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.