ന്യൂഡെൽഹി:കൊറോണ വാക്‌സിന്‍ വിതരണത്തിന് മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. അതിനു മുമ്പ് തന്നെ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകാതെ വാക്‌സിന്‍ കുത്തിവയപ്പ് തീയതിയും പ്രഖ്യാപിക്കും.
തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആയി വാക്‌സിന്‍ വിതരണം ആരംഭിക്കാനായിരുന്നു കേന്ദ്രം നേരത്തെ നിശ്ചയിച്ചത്. യാത്രാ വിമാനങ്ങളെ വാക്‌സിന്‍ വിതരണത്തിന് സജ്ജമാക്കാന്‍ സമയം എടുക്കുന്നതാണ് വിതരണം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂനെ മില്‍ സെന്‍ട്രല്‍ ഹബില്‍ നിന്ന് വ്യോമമാര്‍ഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. ഇന്നലെ രാജ്യത്തെ എഴുനൂറിലധികം ജില്ലകളില്‍ നടന്ന വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ തന്നെ സംസ്ഥാനങ്ങളിലേക്കുള്ള വാക്‌സിന്‍ വിതരണ നടപടികള്‍ കൈക്കൊളും.