മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിര്‍ റഹ്‌മാന്‍ ലഖ്‌വിക്ക് 15 വര്‍ഷം തടവ്

ഇസ്ലാമാബാദ്: മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിർ റഹ്മാൻ ലഖ്വിക്ക് 15 വർഷം തടവ്. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആറ് ദിവസം മുൻപാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയിരുന്ന ആശുപത്രിയുടെ പേരിൽ ഭീകരവാദത്തിന് ധനസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം റാവൽപിണ്ടിയിലെ ജയിലിൽനിന്ന് 2015-ലാണ് ലഖ്വി ജാമ്യത്തിൽ ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ജയിലിൽ കിടന്ന കാലത്തടക്കം ഇയാൾ ലഷ്കറെ തൊയ്ബയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നതായാണ് കരുതപ്പെട്ടിരുന്നത്.

മുംബൈയിൽ 2008-ലെ ഭീകരാക്രമണത്തെ തുടർന്ന് ലഖ്വിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ലഷ്കറെ തൊയ്ബയെ കൂടാതെ അൽ ഖ്വയ്ദയുമായും ഇയാൾ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും യുഎൻ കണ്ടെത്തിയിരുന്നു.