തിരുവനന്തപുരം : നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ പേരു ചേര്‍ക്കാന്‍ 2003 ജനുവരി ഒന്നുവരെ ജനിച്ചവര്‍ക്ക് ഇനിയും അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുന്നതിനു 10 ദിവസം മുന്‍പുവരെ ഇങ്ങനെ അപേക്ഷിക്കാം. ഇവരെ ഉള്‍പ്പെടുത്തി വോട്ടെടുപ്പിനു തൊട്ടുമുന്‍പ് സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തവര്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടികയില്‍ സ്വയമേ ഉള്‍പ്പെടില്ല. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരാള്‍ക്ക് റിലേഷന്‍ ഐഡി നിര്‍ബന്ധമാണ്. വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ഇതിനെയാണ് റിലേഷന്‍ ഐഡി എന്നു പറയുന്നത്. വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യമില്ല. നമ്പര്‍മാത്രം മതി. ജനുവരി 20ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ റിലേഷന്‍ ഐ ഡി ചോദിക്കുന്നുണ്ട്. അതു കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും അപേക്ഷ സ്വീകരിക്കും. എന്നാല്‍, അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍നിന്ന് നേരിട്ടുള്ള പരിശോധയ്ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കു കൈമാറണമെങ്കില്‍ റിലേഷന്‍ ഐ ഡി നിര്‍ബന്ധമാണ്.