തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാനിരിക്കെ കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്. നിയമസഭാ ചട്ടം ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്.
സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇതിൻ്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണു വിവരം. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ ഉൾപ്പടെയുള്ളവരുടെ വിദേശ യാത്രകളിൽ വ്യക്തതയുണ്ടാക്കുന്നതിനുമാണ് മൊഴിയെടുക്കുന്നത്.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും അയ്യപ്പൻ ഹാജായിരുന്നില്ല. നിയമസഭാ സമ്മേളനത്തിൻ്റെ തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകില്ലെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പത്തിനു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അയ്യപ്പനു കസ്റ്റംസ് നൽകിയ നോട്ടീസിൽ നിർദേശിച്ചിരുന്നത്.
ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണുകസ്റ്റംസ് ഔദ്യോഗികമായി നോട്ടീസ് നൽകിയത്. ഫോണിലൂടെ വിളിച്ചാൽ വരില്ലെന്നും നോട്ടീസ് നൽകണമെന്നും അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നു.