ജറുസലേം : യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം ഉയര്‍ത്താന്‍ ഇറാനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ഇറാനും ഇസ്രായേലും തമ്മില്‍ വാഗ്വാദം. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.ഇറാനിലെ പ്രശസ്ത ആണവോര്‍ജ്ജ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസെദ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് പാര്‍ലമെന്റില്‍ അനുമതി ലഭിച്ചത്.
ഇറാന്റെ ആണവ രഹസ്യപദ്ധതികള്‍ക്ക് പിന്നില്‍ ഫക്രിസാദെയുടെ തലച്ചോറാണെന്ന് അമേരിക്കയും ഇസ്രയേലുമുള്‍പ്പടെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളുടെയും നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം.
ഫക്രിസാദെയോട് കാലങ്ങളായി ഇസ്രേയേലിന് പകയുണ്ടെന്നും അവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊലപാതകത്തോട് പ്രതികരിച്ച ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ നീക്കത്തെ തടുക്കാനുള്ള ഏത് ഇസ്രായേല്‍ നീക്കത്തെയും ശക്തമായി നേരിടുമെന്നാണ് ഇറാനിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചത്.
യൂറേനിയം സമ്പുഷ്ടീകരണം ഉയര്‍ത്തുന്നത് ആണവായുധങ്ങള്‍ നിര്‍മിക്കാനാണെന്നും ഇതിനൊരിക്കലും ഇറാനെ അനുവദിക്കില്ലെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്. എന്നാല്‍ ആണവായുധ നിര്‍മാണമല്ല തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാന് പറയുന്നത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഫക്രിസാദെ ഇറാന് പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു.
ആണവ- മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന ഫക്രിസാദെയെ 2018 ല്‍ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ വിശേഷിപ്പിച്ചിട്ടുണ്ട്.