ന്യൂഡെൽഹി: നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരേ കൊണ്ടു വന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹർജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു. അതേ സമയം നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹർജികൾ. ഇതുമായി ബന്ധപ്പെട്ട ഹർജികൾ ഇതിനോടകം പരിഗണനയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞതിനെ തുടർന്ന് ഹർജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും ഉന്നത കോടതി പരിശോധിക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിയു സിങ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്ഥകൾ അടിച്ചമർത്തുന്നതും ഭയംജനിപ്പിക്കുന്നതുമാണ്. വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
ഈ ഘട്ടത്തിലാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞത്. നാലാഴ്ചക്കുള്ളിൽ സംസ്ഥാനങ്ങളോട് മറുപടി നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. നിയമങ്ങളിലെ വ്യവസ്ഥകൾക്ക് സ്റ്റേ നൽകണമെന്ന് സിയു സിങ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെ എങ്ങനെ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.