കാസർകോട്: യുഎഇയിൽനിന്ന് നാടുകടത്തിയ മലയാളികളെ എൻഐഎ ചോദ്യംചെയ്തു. കാസർകോട് തൃക്കരിപ്പൂർ, പടന്ന സ്വദേശികളായ ഏഴ് പേരെയാണ് എൻഐഎ ചോദ്യംചെയ്തത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ഇവരുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും എൻഐഎ പിടിച്ചെടുത്തു. ഐഎസിൽ ചേർന്ന കാസർകോട് സ്വദേശികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് യുഎഇയിൽ അറസ്റ്റിലായ ഏഴ് പേരെയാണ് എൻഐഎ സംഘം ചോദ്യംചെയ്യാനായി വിളിച്ചിപ്പത്.
യുഎഇയിൽ ജയിൽശിക്ഷ അനുഭവിച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിൽ നാടുകടത്തിയിരുന്നു. തുടർന്ന് പോലീസും ഇന്റലിജൻസും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് എൻഐഎയും ഇവരെ ചോദ്യംചെയ്തത്.
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.