റിയാദ്: നാലു വര്‍ഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തര്‍ അമീര്‍ വീണ്ടും സൗദി മണ്ണിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വടക്കന്‍ സൗദിയിലെ അല്‍ഉല പൗരാണിക കേന്ദ്രത്തില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ പെങ്കടുക്കാനാണ് ഗള്‍ഫ് ഐക്യത്തിന്റെ പുതുചരിത്രമെഴുതി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍താനിയുടെ വരവ്.
2017 ജൂണില്‍ ഖത്തറുമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ചില കാരണങ്ങളെ തുടര്‍ന്ന് നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് ശേഷം നടന്ന ഗള്‍ഫ് ഉച്ചകോടികളിലോ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മറ്റ് സമ്മേളനങ്ങളിലോ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല. സൗദി അറേബ്യയിലും വന്നിട്ടില്ല. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ പരിഹാര ചര്‍ച്ചകളുണ്ടാവുമെന്നും പ്രതിസന്ധിക്ക് അവസാനമാകുമെന്നും ഗള്‍ഫ് ഐക്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
41-ാമത് ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് സൗദിക്കും ഖത്തറിനുമിടയിലെ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശൈഖ് തമീം ബിന്‍ ഹമാദിന്റെ ഗള്‍ഫ് ഉച്ചകോടിയിേലക്കും സൗദി അറേബ്യയിലേക്കുമുള്ള വരവ്.ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഊഷ്മള ബന്ധം പുനസ്ഥാപിക്കപ്പെടുമെന്നുള്ള പ്രതീക്ഷയും ആഹ്ലാദവുമാണെങ്ങും.
അല്‍ഉലയിലെ അമീര്‍ അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ഇറങ്ങിയത്. ഗള്‍ഫ് ഉച്ചകോടിയില്‍ പെങ്കടുക്കാന്‍ ബഹ്റൈന്‍ കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ, ഒമാന്‍ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹമ്മൂദ് അല്‍സഈദ്, യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍സബാഹ് എന്നീ രാഷ്ട്ര നേതാക്കളും അല്‍ഉലയില്‍ എത്തിച്ചേര്‍ന്നു. രാവിലെ 11ഓടെ ആദ്യമെത്തിയത് ബഹ്റൈന്‍ കിരീടാവകാശിയാണ്.