ജൂവലറി ഇടപാടുകളിൽ പിടിമുറുക്കി കേന്ദ്രം; 10 ലക്ഷം രൂപയ്ക്കുമുകളിൽ ഇടപാടു നടത്തിയാൽ രേഖവേണം

കൊച്ചി: സ്വർണാഭരണ മേഖലയുൾപ്പടെ ജൂവലറി ഇടപാടുകളിൽ കേന്ദ്രം പിടിമുറുക്കി. രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിലാക്കി. ജൂവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ പിഎംഎൽഎ നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി.

കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) വിശദാന്വേഷണം നടത്താൻ അധികാരമുണ്ടാകും. ഇതു ചൂണ്ടിക്കാട്ടി ജൂവലറി ഉടമകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങി.

ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാൽ രേഖകൾ സൂക്ഷിക്കണം. ഇഡി ആവശ്യപ്പെട്ടാൽ ഹാജരാക്കണം. ഫലത്തിൽ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ജൂവലറി ഉടമകൾ ബാധ്യസ്ഥരാകും.

അഥവാ, കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ അധികൃതർ പിടിച്ചെടുത്താൽ മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പിഎംഎൽഎ നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിനുപുറമേ അന്വേഷണവും നേരിടേണ്ടിവരും.

കള്ളപ്പണക്കാരായി ചിത്രീകരിക്കരുത്

നിയമാനുസൃതം പ്രവർത്തിക്കുന്ന ജൂവലറിവ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സർക്കുലർ പിൻവലിക്കണം. എല്ലാ ലൈസൻസുകളുമെടുത്തു വ്യാപാരം ചെയ്യുന്നവരെ ഉപഭോക്താക്കളിൽനിന്നകറ്റാനും അനധികൃത വ്യാപാരം പ്രോത്സാഹിപ്പിക്കാനുമേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ. വിമാനത്താവളങ്ങൾവഴി വരുന്ന കള്ളക്കടത്തു സ്വർണം എങ്ങോട്ടാണു പോകുന്നതെന്ന് ഇഡിക്കു കണ്ടുപിടിക്കാനാകാത്തതു നിരാശാജനകമാണ്. സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നിയമം പിൻവലിക്കണം. എന്ന് അഡ്വ. എസ്. അബ്ദുൽ നാസർ, (ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക്ക് കൗൺസിൽ) പറഞ്ഞു.