ഡോളർ കടത്ത് കേസ്: സ്പീക്കറുടെ അസിസ്‌റ്റൻ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് നാളെ രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ കെ അയ്യപ്പന് നോട്ടീസ് നല്‍കി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതിനു പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്. ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

അടുത്താഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയില്‍ വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. സ്വപ്നയും സരിത്തും കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേര് വെളിപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിനു മുമ്പിലും ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലേക്ക് വിളിപ്പിച്ചത്.

ലൈഫ് മിഷനിൽ അടക്കം കമ്മീഷനായി കിട്ടിയ പണം ഡോളറാക്കി കോൺസുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി.

പണം ഇവിടെ നിന്ന് ഈജിപ്തിലെ കെയ്റോയിൽ എത്തിച്ചു. കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഡ്രൈവർമാരാണ് അന്ന് വാഹനമോടിച്ചിരുന്നത്. ഇതിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചത്.