കർണാടകയിലേക്ക് ചികിൽസയ്ക്ക് പോകാൻ അനുമതിയില്ല; കർണാടകയിൽ നിന്നും ചികിൽസ തേടി 29 രോഗികൾ കേരളത്തിലേക്ക്

കൽപ്പറ്റ: ലോക്ഡൗണിനെ തുടർന്നുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ കർണാടകയിലെ മൈസൂരു ജില്ലയിൽനിന്ന് വയനാട്ടിൽ ചികിത്സ തേടിയെത്തിയത് 29 രോഗികൾ. വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കര്‍ണാടകയിലെ ബൈരക്കുപ്പ മേഖലയിൽനിന്നാണ് ഇത്രയുംപേർ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

വികസനമെത്താത്ത ബൈരക്കുപ്പയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കാലങ്ങളായി ചികിത്സയ്ക്ക്‌ ആശ്രയിക്കുന്നത് വയനാട് ജില്ലയിലെ ആശുപത്രികളെയാണ്. ഇവിടെയുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്നതും വയനാട്ടിലേക്ക് തന്നെ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടം കർശനനിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും ചികിത്സതേടിയെത്തിയെത്തുന്നവരെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽനിന്നുള്ള രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ കർണാടകം ചികിത്സ നിഷേധിക്കുന്നതിനിടെയായിരുന്നു ജില്ലാ കലക്ടർ ഈ നടപടി സ്വീകരിച്ചത്. വയനാടിനോട് അതിർത്തി പങ്കിടുന്ന ഇതര സംസ്ഥാന ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ട് ആയതോടെയാണ് ജില്ലാ ഭരണകൂടം എല്ലാ അതിർത്തികളിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എന്നാൽ, കാലങ്ങളായി ജില്ലയിൽ ചികിത്സതേടുന്നവർക്ക് അത് തുടർന്നും നൽകാൻ കലക്ടർ അദീല അബ്ദുള്ള ഉത്തരവിറക്കുകയായിരുന്നു.

അടിയന്തര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ചെക്പോസ്റ്റുകളിൽ വിശദവിവരങ്ങൾ നൽകി വയനാട്ടിലേക്ക് കടക്കാം. രോഗിക്കും ഒരു സഹായിക്കുമാണ് ഈ രീതിയിൽ വരാവുന്നത്. ആരോഗ്യമേഖലയിൽ പിന്നാക്കംനിൽക്കുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ളവർക്കും ചികിത്സാ ആവശ്യത്തിന് വയനാട്ടിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 44 പേരാണ് ഇതുവരെ ഇവിടെ നിന്ന് ചികിത്സ തേടിയെത്തിയത്.