കൊച്ചി: പന്തീരങ്കാവ് കേസില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാടാണ് എന്‍ഐഎയുടെ അപ്പീലിലൂടെ
ഭാഗികമായെങ്കിലും ഹൈക്കോടതി അംഗീകരിച്ചത്. അലന് ജാമ്യത്തില്‍ തുടരുന്നതോടെ പന്തീരങ്കാവ് കേസിന്റെ ബാക്കി നടത്തിപ്പ് ത്വാഹയിലേക്ക് മാത്രമായി മാറുകയാണ്.
എന്‍ഐഎ കോടതിയില്‍ ഉടന്‍ കീഴടങ്ങാനാണ് ത്വാഹയുടെ തീരുമാനം. പിണറായി സര്‍ക്കാര്‍ നേരിട്ട വലിയ രാഷ്ടീയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഐയും ഇടതുപക്ഷ ചേരിയിലെ പല പ്രമുഖരും സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി.
അലനും ത്വാഹയ്ക്കും ജാമ്യം അനുവദിച്ചുളള എന്‍ഐഎ കോടതി വിധി കൂടി വന്നതോടെ സര്‍ക്കാര്‍ നിലപാട് പരാജയപ്പെട്ടെന്ന വാദങ്ങള്‍ക്കും ശക്തിയേറി. എന്നാല്‍ ഇവര്‍ക്കെതിരായ യുഎപിഎ കേസ് പ്രഥമദൃഷ്യാ നിലനില്‍ക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിന്റെയും എന്‍ഐഎ യുടെയും കണ്ടെത്തലുകള്‍ ഇന്ന് ഫലത്തില്‍ അംഗീകരിച്ചിരിക്കുകയാണ്.