കൊൽക്കത്ത: ബിജെപിയുടെ കൊൽക്കത്ത റോഡ് ഷോയ്ക്കിടെ മുതിർന്ന നേതാക്കളായ കൈലാഷ് വിജയ്വർഗിയ, മുകുൾ റോയ് എന്നിവരുടെ വാഹനങ്ങൾക്കുനേരെ ഷൂ ഏറ്. പോലീസിന്റെ അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് സംഭവം. വിജയ്വർഗിയയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ.
ബിജെപിയുടെ പുതിയ കൊൽക്കത്ത സോൺ നിരീക്ഷകനും മുൻ കൊൽക്കത്ത മേയറുമായ സോവൻ ചാറ്റർജിയും റോഡ് ഷോയിൽ പങ്കെടുത്തുവെങ്കിലും അദ്ദേഹത്തിനു നേരെ ഷൂ ഏറ് ഉണ്ടായില്ല.
പോലീസ് അനുമതി നൽകിയില്ലെങ്കിലും റോഡ് ഷോ നടത്തുമെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കിഡ്ഡർപൂരിൽനിന്ന് സെൻട്രൽ കൊൽക്കത്തയിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് സമാധാനപരമായ റാലി നടത്തും. ബിജെപിയുടെ പരിപാടികൾക്ക് അനുമതി നൽകുന്നത് പോലീസ് വൈകിക്കുമെന്ന് മുൻകാല അനുഭവങ്ങളിൽനിന്ന് വ്യക്തമായിട്ടുള്ളതാണ്.
പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത സോവൻ ചാറ്റർജിയെ സ്വാഗതം ചെയ്യുന്നതിനാണ് സമാധാനപരമായ റാലി സംഘടിപ്പിക്കുന്നത്. പോലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും റാലി നടത്തും – ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യത അടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്ത പോലീസ് റാലിക്ക് അനുമതി നിഷേധിച്ചത്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ പശ്ചിമ ബംഗാളിൽ ആക്രമണമുണ്ടായത് അടുത്തിടെയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പാർട്ടി പ്രവർത്തകരെ അങിസംബോധന ചെയ്യാൻ ഡയമണ്ട് ഹാർബറിലേക്ക് പോകുന്നതിനിടെയാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറുണ്ടായത്. നഡ്ഡയ്ക്കൊപ്പം ഉണ്ടായിരുന്ന കൈലാഷ് വിജയ്വർഗിയയ്ക്ക് അന്നത്തെ ആക്രമണത്തിനിടെ നിസാര പരിക്കേറ്റിരുന്നു.