ഗർഭിണിയായ യുവതി മരിച്ചു; ഇന്ത്യയിൽ 4778 കൊറോണ ബാധിതർ; മരണം 136

മുംബൈ: രാജ്യത്തെ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. മുംബൈയില്‍ കൊറോണ ബാധിച്ച് 38 കാരിയായ യുവതിയും മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 136 ആയി ഉയര്‍ന്നു. മുംബൈ നലാസപോരയിലെ ഗര്‍ഭിണിയായ യുവതിയാണ് തിങ്കളാഴ്ച മരിച്ചത്. മൊത്തം കൊറോണ ബാധിതരുടെ എണ്ണം 4778 ആയി. 24 മണിക്കൂറില്‍ 709 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.

28 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം 525 ആയി. ഇതില്‍ 329 പേരും നിസാമുദ്ദീന്‍ തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ പുതുതായി 120 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിവരമനുസരിച്ച് 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ താക്കറെ കുടുംബ വീടിന് അടുത്തുള്ള ചായ വില്‍പനക്കാരനും കൊറോണ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊറോണ കേസുകളും വര്‍ധിക്കുകയാണ്. തെലങ്കാനയില്‍ 321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 172 പേരും തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 25000 പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. മധ്യപ്രദേശില്‍ 63 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 256 ആയി. മഹാരാഷ്ട്രയാണ് കൊറോണ ബാധിതരില്‍ മുന്നില്‍(748). തമിഴ്‌നാട്(571), ദില്ലി(523), തെലങ്കാന(321) എന്നിവരാണ് പിന്നില്‍.