കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ കൊറോണ ബാധിച്ച് അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (55) അന്തരിച്ചു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കൊറോണ ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ അനില്‍ പനച്ചൂരാന്‍
1965 നവംബര്‍ 20-ന് ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം.

എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു.

കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം അടക്കം ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍
നേടിയിട്ടുണ്ട്.വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,
ഒരു മഴ പെയ്തെങ്കിൽ,
കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍.

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ

അറബിക്കഥ, കഥ പറയുമ്പോൾ (2007)
മാടമ്പി ,സൈക്കിൾ,
നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം (2008)
കലണ്ടർ, ഭ്രമരം (2009)
പരുന്ത്
ഷേക്സ്പിയർ എം.എ. മലയാളം, ഭഗവാൻ, ഡാഡികൂൾ, ഡ്യുപ്ലിക്കേറ്റ്
കപ്പലുമുതലാളി, ലൗഡ്‌സ്പീക്കർ, മകന്റെ അച്ചൻ, പാസഞ്ചർ
മലയാളി, സമയം, സ്വന്തം ലേഖകൻ, വിന്റർ, ബോഡിഗാർഡ്
ചേകവർ, നല്ലവൻ,
ഒരിടത്തൊരു പോസ്റ്റ്മാൻ,
ഒരു സ്മോൾ ഫാമിലി, പയ്യൻസ്, പെൺപട്ടാളം
റിങ് ടോൺ, അർജുനൻ സാക്ഷി, ചൈനാ ടൗൺ
സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്
നോട്ട് ഔട്ട്, സീനിയേഴ്സ്.