മദ്യലഹരിയിൽ മാലിന്യങ്ങൾക്ക് തീയിട്ടു; വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ; മുൻ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

ആലുവ: നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലായി 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയ അഗ്നിബാധക്ക് പിന്നിൽ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് വ്യക്തമായി. ഇതേതുടർന്ന് ആലുവ ലൂർദ്ദ് സെന്ററിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് മഞ്ഞപ്ര കൊണ്ടാത്ത് വീട്ടിൽ മോഹൻകുമാർ (57) ആണ് പിടിയിലായത്.

ലൂർദ് സെന്ററിൽ പ്രവർത്തിക്കുന്ന വൃന്ദാവൻ സാനിറ്റേഴ്‌സ്, അമ്പാടി ടെക്സ്റ്റൈത്സ് എന്നിവക്ക് നവംബർ 23 പുലർച്ചെ അഞ്ചിനാണ് തീ പിടിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി മാലിന്യങ്ങൾ കൂട്ടിയിട്ട് തീയിടുന്നതിനിടയിൽ അബദ്ധത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് മൊഴി.

വൃന്ദാവൻ സാനിറ്റേഴ്സിന്റെ ഓപ്പൺ ഏരിയയിൽ സുക്ഷിച്ചിരുന്ന പൈപ്പുകളും വാട്ടർ ടാങ്കുകളുമാണ് ആദ്യം കത്തിനശിച്ചത്. പിന്നാലെ തൊട്ടടുത്ത അമ്പാടി ടെക്സ്റ്റൈത്സിലെ കുട്ടിയുടുപ്പുകളുടെ വിഭാഗത്തിലേക്ക് തീ പടർന്നു. സമീപത്തെ ഹോട്ടലിലേക്ക് പാലുമായെത്തിയയാളാണ് തീപിടിച്ച വിവരം ഹോട്ടൽ ഉടമ വഴി ഫയർ ഫോഴ്സിനെ അറിയിച്ചത്.

വൈദ്യുതി തകരാറല്ല തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്. ജില്ലാ പോലിസ് മേധാവി കെ കർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം.