ജനീവ: ചൈനയിലെ വുഹാനിൽ 2019 നവംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതു മുതൽ ഇതുവരെ ലോകത്ത് നാലു തരം കൊറോണ വൈറസുകളാണ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന. ബ്രിട്ടനിലാണ് ജനിതകമാറ്റം വന്ന ആദ്യ സാർക് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന റിപ്പോർട്ട് തെറ്റാണെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ തന്നെ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചു. ഇതാണ് ലോകമാകമാനമുള്ള വ്യാപനത്തിന് ഇടയാക്കിയത്. ഡെന്മാർക്കിൽ ഓഗസ്റ്റിൽ വൈറസിൻെറ ജനിതകമാറ്റം സ്ഥിരീകരിച്ചിരുന്നു. പക്ഷേ, രാജ്യത്തിന് പുറത്തേക്ക് വ്യാപിക്കാതെ ഡെന്മാർക്കിൽ 12 പേരിൽ മാത്രമാണ് ഈ വകഭേദം സ്ഥിരീകരിച്ചത്.
ആഫ്രിക്കയിൽ ഡിസംബർ 18ന് ജനിതകമാറ്റം വന്ന മറ്റൊരു വകഭേദത്തെ കണ്ടെത്തിയിരുന്നു. ഈ വകഭേദം പിന്നീട് നാലു രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഒടുവിൽ ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസാണ് അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിതീവ്ര വ്യാപനശേഷിയുള്ളതാണിത്. നിരവധി രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചു.