നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റ്‌ ചോദിച്ച് ബിഡിജെഎസ്; ബിജെപി നേതൃത്വവുമായി നാളെ ചര്‍ച്ച

തിരുവനന്തപുരം: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളിൽ അവകാശവാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകൾ വെച്ചുമാറുന്നതിൽ പ്രശ്നമില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമാണ് ബിഡിജെഎസ് കാഴ്ചവെച്ചത്.എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നാണ് ബിഡിജെഎസ് നിലപാട്.

ബിജെപി സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷുമായി നാളെ നടത്തുന്ന ചർച്ചയിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിക്കും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചിരുന്നു. മുന്നണി ശക്തിപ്പെടുത്താനുളള നടപടികളും കൈകൊള്ളണമെന്നും ബിഡിജെഎസ് ആവശ്യപ്പെടും.

ജനുവരി അവസാനത്തോടെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഖ്യകക്ഷികളായ ബിഡിജെഎസിന്റെ പ്രതിനിധിയും കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തും.