ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. അംഗീകാരം ലഭിച്ചാൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൊറോണ പ്രതിരോധ വാക്സിനാകും കോവാക്സിൻ. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസൻറേഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുൻപാകെ നടത്തിയിരുന്നു.
നിയന്ത്രിത അടിയന്തര ഉപയോഗത്തിനു വിധഗ്ധ സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്.
വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നത് വൈകുമെന്നാണ് സൂചന. വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയാൽ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും.
അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു് തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.