ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ പത്ത് കോടി ഡോസുകൾക്കുള്ള ചെലവ് പി എം കെയെർസ് ഫണ്ടിൽ നിന്നായിരിക്കും. കോവിഷീൽഡ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാൽ ഉടൻ പത്ത് കോടി ഡോസുകൾക്കുള്ള ഓർഡർ കേന്ദ്ര സർക്കാർ നൽകും.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള കൊറോണ മുൻനിര പോരാളികൾക്കും അമ്പത് വയസിന് മുകളിലുള്ളവർക്കും ആണ് വാക്സിൻ ആദ്യ ഘട്ടത്തിൽ ലഭിക്കുക. ജൂലൈ 30 നകം മുപ്പത് കോടി ജനങ്ങൾക്ക് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കോവിഷീൽഡിന് വില 220 വരെ, കോവാക്സിന് 350
ആദ്യ ഘട്ട കുത്തിവയ്പ്പിനായുള്ള കോവിഷീൽഡ് വാക്സിന്റെ ഒരു ഡോസിന് 200 മുതൽ 220 രൂപ വരെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കോവാക്സിന് ഭാരത് ബയോടെക് ആവശ്യപ്പെടുന്നത് ഡോസിന് 350 രൂപ. വാക്സിന്റെ വിലകളിൽ പിന്നീട് മാറ്റമുണ്ടാകും.
സർക്കാരിന് ഡോസിന് 220 രൂപയ്ക്കും സ്വകാര്യ വിപണിയിൽ 1000 രൂപയ്ക്കുമായിരിക്കും കോവിഷീൽഡ് വാക്സിൻ നൽകുകയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അദർ പൂനാവാല പറഞ്ഞു. ജനുവരി മാസം 10 ദശലക്ഷം ഡോസുകൾ സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ ലഭിക്കുന്ന വ്യക്തിക്ക് ഫാക്ട് ഷീറ്റ് നൽകണം
വാക്സിൻ കുത്തിവയ്പ്പ് ലഭിക്കുന്ന വ്യക്തിക്ക് വാക്സിനെ സംബന്ധിച്ച വസ്തുത വിവര പട്ടിക (ഫാക്ട് ഷീറ്റ്) നൽകണം എന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധ സമിതി നിർദേശിച്ചു. ഇതനുസരിച്ച് വസ്തുത വിവര പട്ടിക തയ്യാറാക്കാൻ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് സമിതി ആവശ്യപ്പെട്ടു.
കുത്തിവയ്പ്പ് ലഭിക്കുന്ന വ്യക്തിക്ക് പാർശ്വഫലങ്ങളോ, മറ്റ് രോഗങ്ങളോ ഉണ്ടായാൽ സർക്കാരിനെ 15 ദിവസത്തിനുള്ളിൽ അറിയിക്കണം. നാല് മുതൽ ആറ് ആഴ്ചയ്ക് ഇടയിൽ കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ ഒരു വ്യക്തിക്ക് നൽകണം.