ഇന്ത്യയിൽ ഏഴ് പേര്‍ക്ക് കൂടി അതിതീവ്ര കൊറോണ സ്ഥിരീകരിച്ചു; ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 32 പേർക്കും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍. ഡെൽഹി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.

ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 32 പേർക്കും കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം കൊറോണ വാക്സിൻ വിതരണത്തിന് തയ്യാറെടുക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങളുമായി ഉന്നതതല യോഗം ചേർന്നു. അടുത്തമാസം രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തും. വാക്സിൻ വിതരണഘട്ടത്തിലേ പാളിച്ചകൾ കണ്ടെത്താനാണ് ഡ്രൈ റൺ.

സംസ്ഥാനത്ത് കൊറോണ വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമായി. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു.

വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു . ഇതിന്‍റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളില്‍ 2 ദിവസം വരെ വാക്സിൻ വാക്സിൻ സുരക്ഷിതമായിരിക്കും.

നേരത്തെ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെ മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകൾക്ക് കേന്ദ്രം ഓർഡർ നൽകി. രാജ്യത്ത് കൊറോണ പ്രതിരോധ വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.