കവരത്തി: ലക്ഷദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനുപേർ തെരുവിലിറങ്ങി. ദ്വീപ് യാത്രയ്ക്കുള്ള കൊറോണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനെതിരെയാണ് ലക്ഷദ്വീപിൽ വൻപ്രതിഷേധം നടന്നത്.
പ്രതിഷേധക്കാർ റോഡുകളിൽ തീയിട്ടു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിരവധിപേർ അറസ്റ്റിലായി.
ദ്വീപിനെ ഇപ്പോഴും കൊറോണ ഇല്ലാത്ത ഗ്രീൻ സോണാക്കി നിലനിർത്തുന്ന ക്വാറന്റീൻ സംവിധാനം തകർക്കാനാണ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് എല്ലാ ദ്വീപുകളിലും ജനം തെരുവിലിറങ്ങിയത്.
കൊറോണ വൈറസിനെതിരെയുള്ള അടിസ്ഥാന മാർഗരേഖയിൽ മാറ്റം വരുത്തി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊറോണ അടിസ്ഥാന മാർഗരേഖ പുതുക്കിയിറക്കിയത്.
എന്നാൽ നിലവിലെ ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റശേഷമാണ് വിവാദമായ തീരുമാനം എടുത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ സർക്കാർ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന നിലപാടിലാണ് ദ്വീപ് ഭരണകൂടം.
നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാം എന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. നിലവിൽ കൊച്ചിയിൽ പത്തുദിവസം ക്വാറന്റീനിലിരുന്നശേഷം പരിശോധന നടത്തിയാണ് ദ്വീപിലേക്ക് എത്തുന്നത്.