നെയ്യാറ്റിൻകരയിൽ മരിച്ച രാജനെതിരേ ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മരിച്ച രാജനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്. അഭിഭാഷക കമ്മീഷൻ്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്.

രണ്ടിനും കൂടി ഒറ്റ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറൽ എസ്പി അറിയിച്ചു.

സംഭവത്തിൽ രാജന്‍റെയും അമ്പിളിയുടെയും മക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക.

ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാൻ ഡിജിപി ലോകനാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു