താനും എൻസിപിയും എൽഡിഎഫിൽ തന്നെയെന്ന് മാണി സി കാപ്പൻ

കോട്ടയം: പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പി ജെ ജോസഫിൻ്റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പൻ. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പൻ്റെ പ്രതികരണം.

ജോസഫിൻ്റെ വാദം നിഷേധിക്കാതിരുന്ന കാപ്പൻ എൻസിപിയും താനും നിലവിൽ എൽഡിഎഫിൽ തന്നെയാണെന്ന് പ്രതികരിച്ചു. പാലാ സീറ്റ് ജോസഫ് വിഭാഗം മാണി സി കാപ്പന് വിട്ടുനൽകും. എൻസിപിയായി തന്നെ കാപ്പൻ മത്സരിക്കുമെന്നുമായിരുന്നു ജോസഫിൻ്റെ പ്രതികരണം.

അതേസമയം മാണി സി കാപ്പൻ പാലായിൽ മത്സരിച്ചേക്കുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ പ്രാദേശിക തലത്തിൽ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പൻ ക്യാമ്പും ചർച്ചകൾ നടത്തിയതായാണ് വിവരം.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് അടർത്തിയെടുത്തതിന് പകരമായി എൽഡിഎഫിൽ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇടപെട്ടുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. കാപ്പൻ എൽഡിഎഫ് വിടുകയാണെങ്കിൽ സംസ്ഥാന എൻസിപിയിൽ പിള‍ർപ്പുണ്ടായേക്കും.