ആരോഗ്യ പ്രശ്നങ്ങൾ ;രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല;പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നതെന്നാണ് താരത്തിന്റെ വിശദീകരണം.

തന്നെ വിശ്വസിച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുത്, വാക്കുപാലിക്കാനാവാത്തതില്‍ വേദനയുണ്ട്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ട്വിറ്ററിലൂടെ പറഞ്ഞു. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.

ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. എന്നാൽ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഇപ്പോൾ രജനീകാന്ത് വ്യക്തമാക്കി.

രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്‍റെ ആരോഗ്യനില, ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു. കടുത്ത നിരാശയോടെ രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് പിൻമാറുന്നു എന്നും രജനി കുറിച്ചു.

പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.

കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണമെന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്.