തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയവരിൽ ഡോക്ടറും ഐടി വിദഗ്ധരും ഉൾപ്പെടെ പ്രൊഫഷനലുകൾ. പിതാവിൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്ലീല വിഡിയോ ഡൗൺലോഡ് ചെയ്ത യുവാവും അറസ്റ്റിൽ. കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി സൈബർ ഡോമിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ പിടിയിലായത്.
പത്തനംതിട്ടയിൽ നിന്നാണ് ഡോക്ടർ പിടിയിലായത്. ഇയാളുടെ മൊബൈൽഫോണും പിടിച്ചെടുത്തിട്ടുണ്ട്.ആലപ്പുഴയിലാണ് പിതാവിൻ്റെ മൊബൈൽ ഉപയോഗിച്ച് അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത യുവാവ് പിടിയിലായത്. റെയ്ഡിനായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പിതാവ് വിവരം അറിയുന്നത്. ഒരു പൊലീസ് ട്രെയിനിയെയും പരിശോധനയിൽ പിടികൂടിയതായാണ് വിവരം.
മൊബൈൽഫോണിൽ ദൃശ്യങ്ങളൊന്നും കണ്ടെത്താത്തതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സാങ്കേതിക പരിശോധനക്കായി മൊബൈൽഫോൺ ഹൈടെക് സെല്ലിന് കൈമാറിയതായാണ് വിവരം. ഐ.ടി വിദഗ്ധരും യുവാക്കളുമാണ് അറസ്റ്റിലായവരിലേറെയും. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർനെറ്റ് ഉപയോഗം വർധിച്ചതോടെ ദുരുപയോഗവും കൂടിയതായി കേരള പൊലീസ് കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ ടീം പറയുന്നു.
കുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും വാട്സ്ആപ്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങൾ വഴിയാണ് കൂടുതലായും പ്രചരിപ്പിച്ചുവന്നത്. കൊറോണയുടെ സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ മാസങ്ങളായി വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ അവരെ കേന്ദ്രീകരിച്ച് അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘങ്ങളും വാട്സ്ആപ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നെന്നും കണ്ടെത്തി. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.