നെയ്യാറ്റിൻകര: അൽപം കാത്തിരിക്കാൻ തയ്യാറാകാതെ പോലീസ് ധൃതി കാട്ടിയതാണ് അച്ഛൻ്റെയും അമ്മയുടെയും വേർപാടിന് കാരണമായതെന്ന് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത രാജൻ്റെ മകൻ രഞ്ജിത്ത്. ഇതെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ മകൻ നടത്തി. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു പൊലീസിന്റെ ഇടപെടലും തുടർന്നുണ്ടായ ആത്മഹത്യയും.
പൊലീസ് തിടുക്കം കാട്ടിയില്ലായിരുന്നുവെങ്കിൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മകൻ രഞ്ജിത്ത് പറഞ്ഞു. സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പൊലീസ് കുടിയൊഴുപ്പിക്കാൻ തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്നാണ് രഞ്ജിത്തിന്റെ ആരോപണം. ജനുവരി 15 വരെയാണ് കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കിയത്.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ മരിക്കും മുമ്പ് പറഞ്ഞിരുന്നു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.