തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് വിലക്കേർപ്പെടുത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല. മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകും. നേതാക്കൾ അച്ചടക്കം പാലിക്കണമെന്ന് താരീഖ് പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളുമായി ഒരുമിച്ചുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഒറ്റക്കൊറ്റയ്ക്കാണ് താരിഖ് അൻവർ നേതാക്കളെ കണ്ടത്. നേതൃത്വത്തിന്റെ പോരായ്മയാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്.
സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയകാരണമെന്ന് വിഡി സതീശൻ പരാതിപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്തം ഡിസിസി നേതൃത്വത്തിനുണ്ടെന്നും കെപിസിസി നേതൃത്വത്തെമാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളിയെ മാറ്റണമെന്ന് ഉന്നയിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയെ നേതൃപദവിയിലേക്ക് നിയോഗിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയെ മാറ്റിയാൽ ലീഗിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാർ, വൈസ്പ്രസിഡന്റുമാർ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച നടത്തി. ഡിസിസികൾക്കെതിരെ പല പരാതികളും ലഭിച്ചിട്ടുണ്ട്. ഡിസിസികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നടപടിയുണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ ബൂത്ത് മുതൽ ഡിസിസി വരെ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ നൽകിയ മുന്നറിയിപ്പാണ്. വരുന്ന ദിവസങ്ങളിൽ ബൂത്ത് തലം മുതൽ പ്രവർത്തകർ നൽകിയ നിർദ്ദേശങ്ങൾ പ്രയോഗികതയിൽ വരുത്തും. തിരുത്തലുകൾ വേണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. അത് ഉണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നും വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമാണ് സംഭവിച്ചതെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.