ആലപ്പുഴ: പരസ്യ പ്രതിഷേധത്തിന് പിന്നാലെ ആലപ്പുഴയിലെ സിപിഎമ്മിൽ പുറത്താക്കൽ നടപടിയും. നഗരസഭയിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവരെയാണു പുറത്താക്കിയത്. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം.
പാർട്ടി തീരുമാനത്തിനെതിരെ നാടകീയമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണവും നടന്നേക്കും. ആലപ്പുഴ നഗരസഭയിൽ പാർട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിർന്ന പാർട്ടി പ്രവർത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
സിപിഎം നേതാവ് പിപി ചിത്തരഞ്ജനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാൽ, വോട്ടെടുപ്പിൽ പാർട്ടി നിർദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിർദേശം ചെയ്തു. പ്രകടനത്തിൽ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നൽകാൻ ജില്ലാ സെക്രട്ടറി നിർദേശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്. യോഗ്യതയുളള ആളെ ഏകകണ്ഠമായാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തതെന്നും സ്ഥാനമാണ് വലുത് എന്ന് ആഗ്രഹിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.