ചങ്ങനാശ്ശേരി: ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഓരോ വ്യക്തിയും ആത്മശോധന നടത്തി തെറ്റുകൾ തിരുത്തി നന്മയിൽ നിറയണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ വാരത്തിന് തുടക്കമായി ഓശന ഞായറാഴ്ച സന്ദേശം നൽകുകയായിരുന്നു മാർ പെരുന്തോട്ടം.
വൈരാഗ്യവും വിദ്വേഷവും മാറ്റിവച്ച് വിശുദ്ധമായ ചിന്തകളാൽ വ്യക്തികൾ നിറയണം.പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിച്ച് ഈശോയോട് മാപ്പപേക്ഷിക്കണം. സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ ഓരോരുത്തരും
ഹൃദയങ്ങളെ വിശുദ്ധീകരിക്കണം. സഭയുടെ ചെറിയ പതിപ്പായ കുടുംബങ്ങൾ വിശുദ്ധവാര ചൈതന്യം ഉൾക്കൊണ്ട് സ്നേഹത്തിന്റെയും ഒരുമയുടെയും വിളനിലങ്ങളാകണം.ലോകത്തെ ഗ്രസിച്ചിരിക്കുന്ന വൈറസ് ഭീഷണിയിൽ നിന്ന് വേഗത്തിൽ മോചനം ലഭിക്കാൻ കുടുംബങ്ങൾ ആത്മാർഥമായി ദൈവത്തോട് പ്രാർഥിക്കണമെന്ന്
മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
കൊറോണ ബാധയെ തുടർന്നുള്ള നിയന്ത്രങ്ങളുടെ പശ്ചാതലത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ലാതെയാണ് ഓശന ഞായർ തിരുക്കർമങ്ങൾ നടന്നത്. ഒരുക്കത്തോടെ തിരിതെളിച്ച് ഭക്തിയോടെ അനേകായിരങ്ങളാണ് ഓൺലൈനിലൂടെ തിരുക്കർമ്മങ്ങളിൽ പങ്കാളികളായത്.