തിരുവനന്തപുരം : എഐസിസി പ്രതിനിധി സംഘത്തിനു മുന്നിൽ പരാതികളുമായി നേതാക്കൾ. സംഘത്തിനു മുന്നിൽ പലരും ഗ്രൂപ്പുകൾക്കെതിരെ ആക്ഷേപവും നേതൃമാറ്റ ആവശ്യവും ഉന്നയിച്ചു. ഒരു വിഭാഗം പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ, ഗ്രൂപ്പുകൾക്കെതിരെയാണ് മറു വിഭാഗത്തിന്റെ ആക്ഷേപം. നേതൃമാറ്റം ഇപ്പോൾ പരിഗണനയിലില്ലെന്നു പ്രതിനിധിസംഘം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു സംഘടനാതലത്തിൽ തിരുത്തലുണ്ടാകണമെന്നായിരുന്നു ആദ്യം സംസാരിച്ച കെ.സി.ജോസഫ് ആവശ്യപ്പെട്ടത്. തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഡിസിസികൾക്കും ഒഴിഞ്ഞുമാറാനാകില്ല. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവയ്പാണ് നടന്നതെന്ന് അടൂർ പ്രകാശ് എംപി ആരോപിച്ചു.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്കു പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എംപിമാർ എന്നിവരിൽനിന്നും സംഘം വിശദാംശങ്ങൾ തേടും. ചർച്ചകൾക്കു മുന്നോടിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ സംഘത്തെ കണ്ടിരുന്നു. പാർട്ടി നേതൃത്വത്തിന്റെ പരാജയമാണു തോൽവിക്കു കാരണമെന്ന് ഗ്രൂപ്പ് നേതാക്കൾ വാദിക്കുന്നു.
ഗ്രൂപ്പ് കളിയാണ് പാർട്ടിയെ ഈ സ്ഥിതിയിലെത്തിച്ചതെന്നാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ വാദം. ഗ്രൂപ്പ് പോരാണു തോൽവിക്കു കാരണമെന്നു ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നിൽ ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെ കെ സുധാകരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസർകോട്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായും സംഘം ചർച്ച നടത്തും.