തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനക്കൂട്ടം അടിച്ചുകൊന്നത് മലയിൻകീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെയും സ്ഥിരീകരണം. തമിഴ്നാട് പോലീസിൽനിന്ന് വിവരം ലഭിച്ചതോടെ മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം അറിയിച്ചതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.
ഒരു വർഷത്തിലേറെയായി ദീപു വീട്ടിൽ വന്നിട്ടെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞവർഷം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ദീപുവും പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് മകൻ ഒളിവിൽപോയതെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.
ദീപുവിനെതിരേ മലയിൻകീഴ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ദീപുവിനൊപ്പമുണ്ടായിരുന്ന അരവിന്ദും ചില കേസുകളിൽ പ്രതിയാണ്. പൂജപ്പുരയിൽ താമസിക്കുന്ന അരവിന്ദ് മിട്ടു അരവിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ അല്ലൂരിൽ മലയാളി യുവാക്കളെ നാട്ടുകാർ കൂട്ടംചേർന്ന് ആക്രമിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മർദനം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെയും അരവിന്ദിനെയും പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു മരിച്ചിരുന്നു.
അരവിന്ദിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്നവിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തമിഴ്നാട് പോലീസ് ഉടൻതന്നെ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.