തിരുവനന്തപുരം: ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി(51) യെ ഭര്‍ത്താവ് മുമ്പും ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഇവരുടെ കൊലപാതകത്തില്‍ ബാലരാമപുരം സ്വദേശി അരുണിനെ(28) കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയുടെ മൊഴിയാണ് ഏറെ നിർണ്ണായകമായിരിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.വിവാഹ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും, എന്നാല്‍ വിവാഹഫോട്ടോ പുറത്തായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതാണ് അരുണിനെ പ്രകോപിതനാക്കിയതെന്നുമാണ് വെളിപ്പെടുത്തല്‍.
അതേസമയം വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ശാഖാകുമാരി ഇതിന് തയാറായില്ല. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖയേയും അലോസരപ്പെടുത്തിയിരുന്നു. പ്രായവ്യത്യാസ അരുണിന് അപമാനമായി തോന്നിയിരുന്നതായി കാര്യസ്ഥന്‍ വിജയകുമാറും മൊഴി നല്‍കിയിട്ടുണ്ട്.
വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്നാൽ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ല.
വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്.