നെയ്യാറ്റിൻകര: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ രാജൻ പൊലീസിനെതിരെ രംഗത്ത്. പൊലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പൊലീസിനെ പേടിപ്പിക്കാൻ മാത്രമായിരുന്നു താൻ ശ്രമിച്ചതെന്നും രാജൻ പറഞ്ഞു.
ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രാജന്റെ ആരോപണം. മകനെടുത്ത വീഡിയോയിലാണ് തീ പിടിക്കാൻ കാരണം പൊലീസിന്റെ ഇടപെടലാണെന്ന് രാജൻ പറയുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് പൊലീസും കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരുമെത്തുന്നത്.
ഭക്ഷണം മുഴുവനായി കഴിക്കാൻ പോലും സമ്മതിച്ചില്ല. പോവാൻ മറ്റൊരിടമില്ലെന്നും പെട്ടന്ന് ഇറങ്ങി പോവാൻ പറഞ്ഞപ്പോൾ പെട്രോളെഴിച്ചതാണെന്നും രാജൻ പറഞ്ഞു. തീ കൊളുത്തുമെന്ന് പറഞ്ഞാൽ പൊലീസും ഉദ്യാഗസ്ഥരും മടങ്ങി പോവുമെന്ന് കരുതിയത്.
എന്നാൽ രാജനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നും ആരോപണം തെറ്റാണെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ രാജന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭാര്യ അമ്പിളിക്കും സാരമായി പൊള്ളലേറ്റിരുന്നു.
തടയാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ അനിൽകുമാറിനും പൊള്ളലേറ്റു. ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത നൽകിയ കേസിൽ രാജനെതതിരെ കോടതി വിധി വന്നതിനെ തുടർന്നാണ് ഒഴിപ്പിക്കാനായി പൊലീസ് എത്തിയത്.