ഇരുൾമൂടിയ മിഴികളിൽ ആനന്ദക്കണ്ണീർ; നന്ദിനിറഞ്ഞ മനസോടെ ജോസേട്ടനും കുടുംബത്തിനും സ്വപ്ന ഭവന പ്രവേശനം

തിരുവല്ല: റോഡ് മുറിച്ചുകടക്കാൻ ക്ലേശിച്ച് ലോക്ക് ഡൗൺ കാലഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ അന്ധനായ ജോസേട്ടന് ക്രിസ്മസ് സമ്മാനമായി സ്വപ്നഭവനം യാഥാർഥുമായി . ജോസേട്ടനും കുടുംബവും നന്ദിനിറഞ്ഞ മനസോടെ തൊഴുകൈകളുമായി സ്വപ്ന ഭവനത്തിലേക്ക് പ്രവേശിച്ചു.

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ താക്കോൽ ക്രിസ്മസ് ദിനത്തിൽ കറ്റോട് തലപ്പാലയിൽ ജോസിന് (ജോസേട്ടന് 62 ) വൈക്കം വിജയലക്ഷ്മി കൈമാറി.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനിവർഗ്ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഫാ. ഷിജു മാത്യു ആശിർവദിച്ചു.സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, റെജി പാറപ്പുറം, ബിനു തങ്കച്ചൻ, അനു ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

മലയാളികളുടെ പ്രിയ പിന്നണി ഗായിക എത്തിയ വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികൾ ആവശ്യപെട്ട ഇഷ്ട ഗാനങ്ങൾ വിജയലക്ഷ്മി പാടിയതോടെ ലളിതമായി തുടങ്ങിയ ചടങ്ങ് ഗ്രാമത്തിന് ഉത്സവ പ്രതീതി നല്കി. തൻ്റെ ജീവിതാഭിലാഷം സാധ്യമാക്കിയതിന് സൗഹൃദവേദി പ്രവർത്തകരോട് ജോസേട്ടൻ നന്ദി അറിയിച്ചു.

നടുറോഡിൽ വഴിയറിയാതെ നിന്ന അന്ധനായ ജോസേട്ടനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി ബസിൽ കയറ്റി വിട്ട രംഗമാണ് ജൂലൈ ആദ്യവാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസേട്ടന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി നൂറു ശതമാനം അന്ധനാണ്.തിരുവല്ല മുൻസിപാലിറ്റി 2006 ൽ 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയിരുന്നു.

വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലായിരുന്നു.ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്നതും സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡിൽ ഇവർ താമസിക്കുന്ന രംഗം കണ്ടാണ് സൗഹൃദ വേദി വീടിൻ്റെ ബാക്കി നിർമ്മാണം ഏറ്റെടുത്തത്.

ക്ഷേമ പെൻഷൻ ആയി ലഭിക്കുന്ന തുക മാത്രമാണ് ജോസേട്ടൻ്റെ കുടുംബത്തിൻ്റെ ഏക വരുമാനം.ഭാര്യ കടുത്ത ആസ്മ രോഗിയാണ്.മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ 6 മാസം കൊണ്ട് രണ്ട് മുറി, അടുക്കള,ഹാൾ, സിറ്റ് ഔട്ട് , ബാത്ത് റൂം എന്നിവ അടങ്ങിയ വീടിൻ്റെ പെയിൻ്റിംങ്ങ് ജോലികൾ ഉൾപ്പെടെ മനോഹരമായി പൂർത്തിയാക്കുവാൻ ഇടയായി.വെള്ളപൊക്ക സമയങ്ങളിൽ വീടിനുള്ളിൽ വെള്ളം കയറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഏകദേശം 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വീടിൻ്റെ മുകൾ ഭാഗത്ത് റൂഫിംങ്ങ് നടത്തിയിട്ടുമുണ്ട്.

വീടിൻ്റെ നിർമ്മാണം നടക്കുമ്പോൾ തന്നെ വാർത്തകൾ വായിച്ചറിഞ്ഞ് ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ളവർ ജോസിൻ്റെ വീട്ടിലേക്ക് ഫോൺ, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ് ,ഡൈനിങ്ങ് ടേബിൾ,ഡിന്നർ സെറ്റ്, ഫാനുകൾ ,ട്യൂബ് ലൈറ്റ് ,എൽ.ഇ.ഡി ബൾബുകൾ, ടെലിവിഷൻ,സോഫാ സെറ്റ് , ഗ്യാസ് സേഫ് മറ്റ് ഫർണീച്ചറുകൾ തുടങ്ങിയവയും എത്തിച്ചു കൊടുത്തിരുന്നു.