ബിജെപിയിൽ വീണ്ടും കലാപക്കൊടി;കരുതലോടെ നീങ്ങാൻ കേന്ദ്ര നേതൃത്വം

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പു പ്രകടനത്തെയും ശോഭാ സുരേന്ദ്രന്റെ നിസ്സഹകരണത്തെയും ചൊല്ലി ചൂടേറിയ വാദപ്രതിവാദം. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ വിലയിരുത്തൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചാരണത്തിൽ നിന്നു വിട്ടുനിന്നവരുടെ കാര്യവും യോഗം ചർച്ച ചെയ്യുമെന്നു മാധ്യമങ്ങളോടു വ്യക്തമാക്കിയ ശേഷമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ യോഗത്തിനെത്തിയത്.

തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നു വിട്ടുനിന്ന ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടതായാണു സൂചന. മുതിർന്ന അംഗങ്ങൾ പലരും ഇതിനോട് യോജിച്ചില്ല. യോഗത്തിനെത്തിയ, സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനെതിരായ നിലപാടെടുത്തില്ല.

സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിൽ ഗ്രൂപ്പു പ്രവർത്തനം ശക്തമാണെന്ന പരാതിയാണു കെ.സുരേന്ദ്രൻ പ്രധാനമായും ഉന്നയിച്ചത്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്നവർക്ക് എതിരെ നടപടി ഇല്ലാതിരുന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ പ്രധാന നേതാക്കൾക്കു തിരഞ്ഞെടുപ്പു ചുമതല നൽകാതെ സംസ്ഥാന അധ്യക്ഷനാണു ഗ്രൂപ്പുകളിച്ചത് എന്നായിരുന്നു എതിർപക്ഷത്തിന്റെ പരാതി. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ അനൈക്യത്തിൽ കരുതലോടെ നീങ്ങാനാണു കേന്ദ്രത്തിന്റെ ശ്രമം. സംസ്ഥാന നേതൃത്വത്തെ പിണക്കാതെയും പാർട്ടിയിലെ കലാപക്കൊടികൾ അഴിച്ചുമാറ്റിയും മുന്നോട്ടുപോകാനും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുമുള്ള ശ്രമമാണു നടക്കുന്നത്.