കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തേ കരടു സ്ഥാനാർഥി പട്ടിക തയ്യാറാക്കി ബിജെപി. ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ കാസര്‍കോട്ടും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലും മല്‍സരിപ്പിക്കുമെന്നു സൂചന നല്‍കിയാണ് ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രാഥമിക പരിഗണനാ കരടുപട്ടിക. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരും പട്ടികയിലുണ്ട്.
സംഘടനാ ചുമതല നല്‍കിയതിലെ അവഗണനയില്‍ പ്രതിഷേധിച്ചു പ്രവര്‍ത്തനരംഗത്തു നിന്നു വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം കാട്ടാക്കടയിലാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ മല്‍സരിച്ച മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ് മൂന്നാമതാണെത്തിയത്.
എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ രണ്ടേമുക്കാല്‍ ലക്ഷം വോട്ടു നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് കാട്ടാക്കട എന്നതാണ് ഔദ്യോഗിക പക്ഷം അനുകൂലസാഹചര്യമായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നു.
പക്ഷേ, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പി എസ് ശ്രീധരന്‍ പിള്ള സജീവരാഷ്ട്രീയത്തിലേക്കു മടങ്ങുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം തിരിച്ചുവന്നാല്‍ ചെങ്ങന്നൂരില്‍ മല്‍സരിച്ചേക്കും. രാജ്യസഭാംഗം സുരേഷ് ഗോപിക്കും നേമത്ത് നോട്ടമുണ്ട്. സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മല്‍സരിക്കട്ടെ എന്നാണ് ബിജെപി നിലപാട്. കൊല്ലം മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിക്കുന്നു.
സെന്‍കുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി മാധവന്‍ നായരെ നെയ്യാറ്റിന്‍കരയിലുമാണ് കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമയും ശ്രമിക്കുന്നു.
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പാലക്കാട്ടും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ കുന്ദമംഗലത്തും പരിഗണിക്കുന്നു. കുന്ദമംഗലത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും പട്ടികയിലുണ്ട്. പി സി ജോര്‍ജ്ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ്ജ് കോട്ടയത്തും പി സി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തയ്യാറായാല്‍ ബിജെപി പരിഗണിക്കും.
മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കും. മുമ്പ് സിപിഎം സ്വതന്ത്രനായി അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ചു ജയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ 43732 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന കോന്നി ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെ സുരന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു പോയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍ രാജുമായി 4360 വോട്ടിന്റെ വ്യത്യാസം മാത്രമാണ് സുരേന്ദ്രനുണ്ടായിരുന്നത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനേഷ് കുമാറുമായി 14313 വോട്ടിന്റെ വ്യത്യാസം. സുരേന്ദ്രന്‍ വീണ്ടും മല്‍സരിച്ചാല്‍ ഇതു മറികടന്ന് കോന്നി പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.
2016ല്‍ മഞ്ചേശ്വരത്തു മല്‍സരിച്ച സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖിനോടു തോറ്റത് 89 വോട്ടുകള്‍ക്കു മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് മല്‍സരിച്ച ശോഭാ സുരേന്ദ്രന്‍ 40076 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കഴക്കൂട്ടത്തിനും മഞ്ചേശ്വരത്തിനും പാലക്കാടിനും പുറമേ കാസര്‍കോട് (രവീശ തന്ത്രി), മലമ്പുഴ (സി കൃഷ്ണകുമാര്‍), ചാത്തന്നൂര്‍ ( ബി ബി ഗോപകുമാര്‍), വട്ടിയൂര്‍ക്കാവ് ( കുമ്മനം രാജശേഖരന്‍) മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ എസ് സുരേഷ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ സുരേഷിനെ വാമനപുരത്തും വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെയും മല്‍സരിപ്പിക്കാനാണ് ആലോചന.
പ്രാഥമിക പരിഗണനാ കരടു പട്ടിക ഇങ്ങനെ:
മഞ്ചേശ്വരം രവീഷ തന്ത്രി, കാസര്‍കോട് അബ്ദുല്ലക്കുട്ടി, തലശ്ശേരി സദാനന്ദന്‍ മാസ്റ്റര്‍, എലത്തൂര്‍ കെ പി ശ്രീശന്‍, കോഴിക്കോട് നോര്‍ത്ത് പ്രകാശ് ബാബു, ബേപ്പൂര്‍ അലി അക്ബര്‍, കുന്ദമംഗലം വത്സന്‍ തില്ലങ്കേരി അല്ലെങ്കില്‍ സികെ പദ്മനാഭന്‍, ഒറ്റപ്പാലം സന്ദീപ് വാര്യര്‍, മലമ്പുഴ സി കൃഷ്ണകുമാര്‍, പാലക്കാട് കെ പി ശശികല, ഷൊര്‍ണൂര്‍ പി ശിവശങ്കര്‍, നാട്ടിക പി എം വേലായുധന്‍, കുന്നംകുളം കെ കെ അനീഷ് കുമാര്‍, ഗുരുവായൂര്‍ അഡ്വ. നിവേദിത, മണലൂര്‍ എ എന്‍ രാധാകൃഷ്ണന്‍,
വടക്കാഞ്ചേരി ഉല്ലാസ് ബാബു, തൃശൂര്‍ ബി ഗോപാലകൃഷ്ണന്‍ അല്ലെങ്കില്‍ സന്ദീപ് വാര്യര്‍, ഇരിങ്ങാലക്കുട ജേക്കബ് തോമസ്, പുതുക്കാട് നാഗേഷ്, കൊടുങ്ങല്ലൂര്‍ പ്രതീഷ് വിശ്വനാഥന്‍, തൃപ്പൂണിത്തുറ ശ്രീശാന്ത്, തൊടുപുഴ പിസി തോമസ്, കാഞ്ഞിരപ്പള്ളി അല്‍ഫോണ്‍സ് കണ്ണന്താനം,
കോട്ടയം ഷോണ്‍ ജോര്‍ജ്, ഏറ്റുമാനൂര്‍ ജയസൂര്യന്‍, പൂഞ്ഞാര്‍ പിസി ജോര്‍ജ്, റാന്നി ജോര്‍ജ്ജ് കുര്യന്‍, കോന്നി കെ സുരേന്ദ്രന്‍, അടൂര്‍ പി സുധീര്‍, ആറന്മുള എം ടി രമേശ്, ചങ്ങനാശേരി ബി രാധാകൃഷ്ണ മേനോന്‍, കുട്ടനാട് സുഭാഷ് വാസു, തിരുവല്ല അനൂപ് ആന്റണി, മാവേലിക്കര രേണു സുരേഷ്, ചെങ്ങന്നൂര്‍ കുമ്മനം രാജശേഖരന്‍ അല്ലെങ്കില്‍ പി എസ് ശ്രീധരന്‍ പിള്ള, കുന്നത്തൂര്‍ രാജി പ്രസാദ്, കൊല്ലം അഡ്വ : ഗോപകുമാര്‍ അല്ലെങ്കില്‍ സുരേഷ് ഗോപി, കൊട്ടാരക്കര എംഎസ് കുമാര്‍, കരുനാഗപ്പള്ളി കെ എസ് രാധാകൃഷ്ണന്‍, ചാത്തന്നൂര്‍ ബി ബി ഗോപകുമാര്‍, വര്‍ക്കല സി വി ആനന്ദ ബോസ്, നെടുമങ്ങാട് പി കെ കൃഷ്ണദാസ്, കഴക്കൂട്ടം കെ സുരേന്ദ്രന്‍ അല്ലെങ്കില്‍ ടി പി സെന്‍കുമാര്‍, വട്ടിയൂര്‍ക്കാവ് വി വി രാജേഷ്, തിരുവനന്തപുരം സെന്‍ട്രല്‍ സുരേഷ് ഗോപി, നേമം ഒ രാജഗോപാല്‍ അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍, വാമനപുരം എസ് സുരേഷ്, പാറശാല കരമന ജയന്‍, കാട്ടാക്കട ശോഭ സുരേന്ദ്രന്‍, നെയ്യാറ്റിന്‍കര ജി മാധവന്‍ നായര്‍.