തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയോട് പ്രതിഷേധം ശക്തമാകുന്നതിനിടെ കടുത്ത നിലപാടെടുക്കാതെ സർക്കാർ. ഗവർണർക്കെതിരേയുള്ള പ്രതികരണം കടുക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരും സിപിഎമ്മും സ്വീകരിച്ചു. അതേസമയം, എന്തുകൊണ്ടാണ് ഈ നടപടിയെന്ന് അക്കമിട്ട് നിരത്തിയുള്ള കത്ത് മുഖ്യമന്ത്രിക്ക് നൽകി ഗവർണർ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ കേന്ദ്രസർക്കാരിനെ ഭയന്നാണ് ഗവർണറുടെ നടപടിയെ അംഗീകരിക്കേണ്ടിവരുന്നതെന്ന കുറ്റപ്പെടുത്തലുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സിപിഎമ്മിനെതിരേ രംഗത്തുവന്നു. സർക്കാരിന് കർഷക പ്രേമമുണ്ടെങ്കിൽ ഇനി പ്രമേയമല്ല നിയമമാണ് വേണ്ടതെന്ന ആവശ്യം യുഡിഎഫ് ഉന്നയിച്ചത് ഒരുമുഴം മുമ്പേയുള്ള നീട്ടിയെറിയലാണ്.
അതേസമയം മുഖ്യമന്ത്രിയുടെ ‘രഹസ്യകത്ത്’ പാർട്ടി ചാനലിൽ ചോർന്നുവെന്ന ഗുരുതര ആരോപണമടക്കം ഉന്നയിക്കുന്നതാണ് ഗവർണറുടെ കത്ത്. സിപിഐ ഉന്നയിച്ച ആരോപണം പോലും ഗവർണർക്കെതിരേ സിപിഎം ഉയർത്തിയിട്ടില്ല.
നിയമസഭ നടക്കില്ലെന്ന് അറിഞ്ഞിട്ടും 24 മണിക്കൂറിന് ശേഷമാണ് സിപിഎം ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തിയത്. ഗവർണർക്ക് രാഷ്ട്രീയലക്ഷ്യമാണെന്ന് സിപിഐ കുറ്റപ്പെടുത്തിയപ്പോൾ, ഇത് ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള ഭരണഘടനാപ്രശ്നം മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞത്.
ഒരു പ്രസ്താവനയിലപ്പുറം ഗവർണർക്കെതിരേ പരസ്യപ്രതികരണം നടത്താൻ മുഖ്യമന്ത്രിയും തയ്യാറായില്ല. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്.
ഇടത് കർഷക സംഘടനകൾ നടത്തിയ ഐക്യദാർഢ്യ സമരം ബുധനാഴ്ച മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്നിട്ടും, ഗവർണറുടെ നടപടിയെ കാര്യമായി വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിനൊപ്പം, ഗവർണർക്ക് കത്ത് അയക്കുകയും ചെയ്തു.
ഇതിനപ്പുറത്തേക്ക് കടക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സർക്കാരിനും സിപിഎമ്മിനും വിമർശനത്തിന് കാഠിന്യം കുറഞ്ഞതോടെ അത് ആയുധമാക്കി യുഡിഎഫ് രംഗത്തിറങ്ങുകയായിരുന്നു.