ന്യൂഡെൽഹി: വോഡഫോണ്‍ നികുതി കേസില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായി മറ്റൊരു നികുതി കേസും. അന്തരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രെബ്യൂണലിലാണ് ബ്രിട്ടീഷ് ഓയില്‍ ഭീമന്‍ കെയിന്‍ എനര്‍ജിയുമായുള്ള നികുതി കേസില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടത്.
2015 ല്‍ തുടങ്ങിയ നിയപോരാട്ടത്തിലാണ് കെയിന്‍ എനര്‍ജിക്ക് അനുകൂല വിധി ഉണ്ടായത്. യുകെയിലെ പ്രമുഖ ഓയില്‍ കമ്പനിയായ കെയിന്‍ എനര്‍ജിക്ക് 8000 കോടി രൂപ നല്‍കാനും കോടതി വിധിച്ചു. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011 ല്‍ വേദാന്തക്ക് വിറ്റിരുന്നു. നികുതിയുടെ ബന്ധപ്പെട്ട വ്യവഹാരത്തെ തുടര്‍ന്ന് ബാക്കിവന്ന 10 ശതമാനം ഓഹരി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ലാഭവിഹിതമായി വേദാന്ത നല്‍കിയ തുക തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കെയിന്‍ എനര്‍ജി അന്തരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധിയില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് സര്‍ക്കാര്‍ അന്തരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രെബ്യൂണലില്‍ 22,100 കോടിയുടെ നികുതി കേസ് വോഡഫോണിനോട് തോറ്റത്. ഇതിന് പിന്നാലെയാണ് പുതിയ വിധി. അതേ സമയം ഈ വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.