കൊറോണക്കിടയിലും ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ

ചെന്നൈ: രാജ്യമെമ്പാടും കൊറോണ വ്യാപന ഭീതിയിൽ കഴിയുമ്പോൾതമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി ജെല്ലിക്കെട്ടിന് തമിഴ്നാട് സർക്കാർ അനുമതി നൽകി.2021 ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ജെല്ലെക്കെട്ടിന് അനുമതി നൽകുന്നതെന്നാണ് വിലയിരുത്തൽ. നിയന്ത്രണങ്ങളോടെ യാണ് അനുമതിയെന്നാണ് വാദം.

പങ്കെടുക്കുന്നവരെല്ലാം കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം. സർക്കാർ ലബോറട്ടറിയിൽ കൊറോണ പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ഒരു ഇനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 പേരിൽ കൂടാൻ പാടില്ല. കാഴ്ചക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാഴ്ചക്കാർ മാത്രമേ പാടുള്ളൂ. കാഴ്ചക്കാർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കവാടത്തിൽ തെർമൽ സ്കാൻ ഉപയോഗിച്ച് താപനില പരിശോധിക്കുകയും വേണം.

കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. സംസ്ഥാനസർക്കാറിന്റെ അപ്പീലിനെത്തുടർന്ന് 2012, 2013 വർഷങ്ങളിൽ കോടതി നിബന്ധനയോടുകൂടിയാണ് മത്സരം നടത്തിയത്. മൃഗസംരക്ഷണവകുപ്പ് വീണ്ടും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ജെല്ലിക്കെട്ട് പൂർണമായി നിരോധിച്ചു. 2017 ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചതിൽ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ട് നിയമം കൊണ്ടുവന്നിരുന്നു.

നേരത്തെ കൊറോണ വ്യാപനം തടയുന്നതിനായി ബീച്ചുകളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും പുതുവത്സരാഘോഷം സർക്കാർ നിരോധിച്ചിരുന്നു.