വിവാദകാർഷിക നിയമങ്ങൾ; രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും രാഷ്ട്രപതിയെ കാണുമെന്ന് വ്യക്തമാക്കി രാഹുൽ ​ഗാന്ധി. രണ്ടാം തവണയാണ് രാഹുൽ ഗാന്ധി കാർഷിക നിയമവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണുന്നത്. രാജ്യത്തെ കർഷകരിൽ നിന്നു ശേഖരിച്ച 2 കോടി ഒപ്പുകൾ സഹിതമുള്ള നിവേദനം 24നു രാഹുൽ ഗാന്ധി രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കൈമാറും.

അതേസമയം, കർഷക സമരം 27ാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഡെൽഹിയിലെത്തുന്നുണ്ട്. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. എന്നാൽ നേരത്തെ തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടണമെന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിവേദനവും നല്‍കി.

നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. പാസാക്കിയ രീതി തന്നെ ജനാധിപത്യവിരുദ്ധമാണെന്നും രാഷ്ട്രപതിയെ അറിയിച്ചു. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യച്ചൂരി, ഡി.രാജ എന്നിവരുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ കണ്ടത്.