തിരുവനന്തപുരം: കോൺഗ്രസിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന ഇടതുമുന്നണിയെയും ഐക്യമുന്നണിയെയും ഒരേ പോലെ വെട്ടിലാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലീഗ് വിമർശന തന്ത്രത്തിനു പിന്നിലെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.
വർഗീയചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യുകയാണ് മുഖ്യമന്ത്രിയുടെ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന ആയുധമാക്കാൻ യുഡിഎഫ്
ഉന്നത നേതൃത്വം ഉടൻ രംഗത്തിറങ്ങിയത്.
മുഖ്യമന്ത്രിയുടെ ലക്ഷ്യം വർഗീയചേരിതിരിവാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങിയതിനു പിന്നാലെ മുസ്ലിം സംഘടനകളും പ്രതികരണവുമായെത്തി. പ്രസ്താവനയിലെ അപകടം പൊതുസമൂഹത്തിൽ തുറന്നുകാട്ടി പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ് യുഡിഎഫ്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭാവിഭാഗങ്ങളിൽനിന്ന് ലഭിച്ച പിന്തുണ നിയമസഭതെരഞ്ഞെടുപ്പിലും ഉറപ്പാക്കാനുള്ള തത്രങ്ങൾ ഇടതുമുന്നണി തുടങ്ങിക്കഴിഞ്ഞു. ക്രൈസ്തവസഭാ വിഭാഗങ്ങളെ ഒപ്പം നിർത്തിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വൻ നേട്ടമുണ്ടാക്കാനാവുമെന്ന് ഇടതുമുന്നണി കണക്കാക്കുന്നു.
ഒപ്പമുള്ള മുസ്ലീം വിഭാഗങ്ങൾ കൂടാതെ ക്രൈസ്തവരെക്കൂടി അണിനിരത്തുകയാണ് ഇടത് നീക്കം. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നിൽ നിർത്തി ഈ നീക്കത്തിന് ശക്തി പകർന്നാൽ അഴിമതി ആരോപണങ്ങളടക്കമുള്ള വിഷയങ്ങൾ അപ്രസക്തമാകുമെന്ന് ഇടതു നേതൃത്വം വിലയിരുത്തുന്നു.
എന്നാൽ ഇടതു നേതാക്കൾ പൊടുന്നനെ അഭിപ്രായം പറഞ്ഞത് അവരെ വെട്ടിലാക്കി. അടുത്തകാലത്തായി സിപിഎം അനുകൂല സമീപനം സ്വീകരിക്കുന്ന പ്രമുഖ മുസ്ലിം സംഘടനയായ സമസ്ത ലീഗിനെ അനുകൂലിച്ച് രംഗത്തുവന്നു. പൊതുവെ ലീഗിനെ പിന്തുണച്ചുവന്ന അവർ പൗരത്വ ഭേദഗതി നിയമ ഭേദഗതി വിഷയം മുതൽ സിപിഎം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
അതിൽനിന്ന് സിപിഎമ്മിനെ വിമര്ശിക്കുന്ന തരത്തിലേക്ക് മാറിയത് യുഡിഎഫിന്, പ്രത്യേകിച്ച് ലീഗിന് ആശ്വാസം നൽകുന്നു.ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മുഖ്യമന്ത്രിയെ പിന്താങ്ങി ബിജെപിയും രംഗത്തുവന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇരുതലമൂർച്ചയുള്ള വാളായിരിക്കുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി മുൻനിർത്തി നേതൃതല പുനഃസംഘടന നടപ്പാക്കും മുമ്പ് പലവട്ടം ആലോചിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്.പുനഃസംഘടന നടന്നില്ലെങ്കിൽ പാർട്ടിക്കുള്ളിലെ അതൃപ്തിക്ക് പരിഹാരം വൈകും. അതു നിയമസഭതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയുമാകും.
എന്നാൽ പുനഃസംഘടന നടപ്പാക്കിയാൽ അതു മുഖ്യമന്ത്രി സൂചിപ്പിച്ചവിധം ലീഗിൻ്റെ സമ്മർദത്താലാണെന്ന ആക്ഷേപം ഉയരാം. ഈ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും ആരോപണം ശക്തിപ്പെടുത്തുകയും ചെയ്യും.
അതേ സമയം പള്ളി തർക്കം അടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ട് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.വിവിധ ക്രൈസ്തവ വിഭാഗങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചന മുന്നണി ഗൗരവമായി തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. ഈ നീക്കത്തിനൊപ്പം മുസ്ലീം വിഭാഗങ്ങൾക്കിടയിലെ മേൽക്കൈ ശക്തിപ്പെടുത്തുകയെന്ന തന്ത്രമാകും ഇടതുമുന്നണിയുടേത്.